പത്തനംതിട്ട : ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പ സ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം. ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. www.sabarimalaonline.org എന്ന വൈബ്സൈറ്റ് വഴി ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടാറ്റ കണ്‍സൾട്ടന്‍സി സര്‍വീസസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എസ്‌എസ് ജീവന്‍, ജി സുന്ദരേശന്‍, ദേവസ്വം കമ്മിഷണര്‍ ബിഎസ് പ്രകാശ്, ദേവസ്വം ചീഫ് എഞ്ചിനിയര്‍ ആര്‍ അജിത്ത് കുമാര്‍, അക്കൗണ്ട്‌സ് ഓഫിസര്‍ സുനില, വെര്‍ച്വല്‍ ക്യൂ സെപ്ഷ്യല്‍ ഓഫിസര്‍ ഒജി ബിജു, അസിസ്റ്റന്‍റ് സെക്രട്ടറി രശ്‌മി, ഐടി പ്രൊജക്‌ട് എഞ്ചിനിയര്‍ ശരണ്‍ ജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വെർച്ചൽ ക്യൂ വെബ് സൈറ്റിൽ അയ്യപ്പ ഭക്തർക്കായി ശബരിമലയിലെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ടിസിഎസ് അധികൃതരുമായി ചർച്ച നടത്തി.
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നേരത്തെ നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ- കാണിക്ക സംവിധാനവും ദേവസ്വം ബോർഡ് നടപ്പിലാക്കിയത്. സംസ്ഥാന പൊലീസിന്‍റെ വെബ്സൈറ്റ് വഴിയാണ് നേരത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടന്നിരുന്നത്. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ദേവസം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനവും ടാറ്റ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അടുത്ത ചിങ്ങ മാസത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം ഒരുക്കുന്നതിനിയാള്ള പൂര്‍ണ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
ALSO READ : ശബരിമല വികസന അതോറിറ്റി വരും, പരമ്പരാഗത കാനന പാത തുറക്കും, എല്ലാം ഡിജിറ്റലാകും: ഉന്നതതല യോഗത്തില്‍ തീരുമാനം
ഇ-കാണിക്ക സംവിധാനം നടപ്പിലാക്കിയതോടെ അയ്യപ്പ ഭക്തർക്ക് ലോകത്ത് എവിടെ നിന്നും കാണിക്ക നല്‍കാമെന്നതിനാൽ കാണിക്ക ഇനത്തിലുള്ള വരുമാനത്തിൽ വലിയ വർധനയുണ്ടാകുമെന്ന പ്രതീക്ഷയും ദേവസ്വം ബോർഡിനുണ്ട്. അതേസമയം മിഥുന മാസ പൂജകള്‍ക്കായി ജൂണ്‍ 15ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. 16 മുതല്‍ 20 വരെ അഞ്ച് ദിവസങ്ങളിലായി സന്നിധാനത്ത് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.