പത്തനംതിട്ട: കൊവിഡ് ബാധിച്ച് തിരുവല്ല സ്വദേശി ദുബായില്‍ മരിച്ചു. ദുബായ് മുൻസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥനായിരുന്ന തിരുവല്ല കല്ലുങ്കല്‍ പുത്തൻ പറമ്പില്‍ വീട്ടില്‍ കുര്യൻ പി വർഗീസ് (62) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഐസിയുവിലായിരുന്നു. രോഗം മൂർഛിച്ചതോടെ ശനിയാഴ്ച രാത്രി 10 മണിക്കാണ് മരിച്ചത്. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
റാഷിദ് ആശുപത്രിയിൽ നഴ്‌സായ ഭാര്യ സാലി, ഇളയ മകൾ ഷൈൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും ഇരുവരും രോഗ മുക്തി നേടിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് മകൾക്ക് രോഗം സ്ഥിരീകരിച്ചത്. കുര്യന്‍റെ സംസ്കാരം വൈകിട്ട് നാലിന് ജബലലിയിൽ നടക്കും.