പത്തനംതിട്ട: കനത്ത വേനൽമഴയും സംഭരണം വൈകിയതും അപ്പർകുട്ടനാട്ടിൽ വിളവെടുത്ത നെല്ല് വെളളക്കെട്ടിലാക്കി. കർഷകരും മില്ലുകാരും തമ്മിലുള്ള തർക്കമാണ് സംഭരണം വൈകാനിടയാക്കിയത്. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലാണ് പ്രശ്‌നം ബാധിച്ചത്. നെല്ലിലെ ഈർപ്പക്കൂടുതൽ മൂലം ക്വിന്‍റലിന് അഞ്ചുകിലോ വരെ നെല്ല് അധികമായി നൽകണമെന്ന് മില്ലുകാർ കർഷകരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. ഇതിനിടെ ചൊവ്വാഴ്‌ച വൈകിട്ടും രാത്രിയിലും അപ്പർകുട്ടനാട്ടിൽ പെയ്‌ത കനത്തമഴയും കർഷകർക്ക് തിരിച്ചടി.
പാടത്ത് മൂടകൂട്ടി നെല്ലിടരുതെന്ന ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കാതെ പല കർഷകരും റോഡരികിലെ പാടത്തുതന്നെയാണ് മൂടകൂട്ടിയത്. മഴപെയ്‌തതോടെ ഈർപ്പം കെട്ടി നെല്ല് നശിച്ചു. ഊഹത്തിന്‍റെ അടിസ്ഥാനത്തിൽ അധിക നെല്ല് നൽകാനാവില്ലെന്ന നിലപാടിലുറച്ച് കർഷകർ നിന്നതോടെ ശനിയാഴ്‌ച മുതലാണ് പ്രശ്‌നം തുടങ്ങിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംഭരണം പൂർണമായും തടസപ്പെട്ടു. നെല്ലിൽ ഈർപ്പത്തിന്‍റെ തോത് 17 ശതമാനം വരെയാകാം. അതുകഴിഞ്ഞുളള ഓരോ ശതമാനത്തിനും 1.2 കിലോ വീതം നെല്ല് ക്വിന്‍റലിന് അധികം നൽകണമെന്നാണ് സംഭരണച്ചട്ടം. നെല്ലിൽ മൂന്ന് ശതമാനം വരെ പതിരാകാം. അതുകഴിഞ്ഞുളള ഓരോ ശതമാനത്തിനും ഒരുകിലോ നെല്ല് വീതം ക്വിന്‍റലിന് അധികം നൽകണം. ഈർപ്പവും പതിരും ചേർത്താണ് അഞ്ചുകിലോ നെല്ല് മില്ലുകാർ ആവശ്യപ്പെട്ടത്.
ഈർപ്പം അളന്ന് കർഷകരെ ബോധ്യപ്പെടുത്താതെ അധികനെല്ല് സ്വീകരിക്കാൻ പാടില്ലെന്ന് പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥൻ മില്ലുകാരെ അറിയിച്ചു. തുടർന്ന് കോട്ടയത്തുനിന്നും ഈർപ്പമാപിനി എത്തിച്ച് പരിശോധന നടത്തി. പലയിടത്തും 17 മുതൽ 19 ശതമാനം വരെയാണ് ഈർപ്പത്തോത് കണ്ടെത്തിയത്. തുടർന്ന് പതിരിന്‍റേതടക്കം ഒരു ക്വിന്‍റൽ നെല്ല് സംഭരിക്കുമ്പോൾ 1.2 കിലോ അധികമായി കർഷകർ നൽകണമെന്ന് ധാരണയിലായി. മുന്നൂറ് ഏക്കറോളം വരുന്ന കോടങ്കരിപ്പാടത്ത് അഞ്ച് ദിവസമായി മുടങ്ങിക്കിടന്നിരുന്ന സംഭരണം ഇന്നാണ് പുനരാരംഭിച്ചത്. താമസിച്ചു കൊയ്ത്തുനടന്ന പാടങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം വിളവ് കുറവാണ്. വൈകി വിത നടന്ന പാടങ്ങളിലാണ് ഇപ്പോൾ പ്രശ്‌നം വഷളായത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കാര്യമായ തടസങ്ങൾ ഇല്ലാതെ അപ്പർകുട്ടനാട്ടിലെ 70 ശതമാനം നെല്ല് സിവിൽ സപ്ലൈസ് സംഭരിച്ചിട്ടുണ്ട്. രണ്ടാഴ്‌ചക്കുളളിൽ അപ്പർകുട്ടനാട്ടിലെ വിളവെടുപ്പ് പൂർത്തിയാകുമെന്ന് പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥൻ അറിയിച്ചു.