പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. 17 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കോന്നി അരുവാപ്പുലം ചൂരക്കുന്ന് കോളനിയിൽ മുരുപ്പേൽ വീട്ടിൽ ശിവാനന്ദൻ എന്ന് വിളിക്കുന്ന രാജനെയാണ് (42) ശിക്ഷിച്ചത്.
പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ഷൈമയാണ് വിധി പ്രസ്‌താവിച്ചത്. ബലാത്സംഗം (376 ഐപിസി ) വകുപ്പിന് 10 വർഷവും, 3 ലക്ഷം രൂപയും, അതിക്രമിച്ചു കടക്കലിന് (450 ഐപിസി ) 7 വർഷവും ഒരു ലക്ഷവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. 3 ലക്ഷം പിഴത്തുക അടച്ചില്ലെങ്കിൽ പുറമെ മൂന്നു വർഷവും, ഒരു ലക്ഷം പിഴയടച്ചില്ലെങ്കിൽ പുറമെ ഒരു വർഷവും കൂടി തടവ് അനുഭവിക്കണം.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുഭാഷ് സിപി ഹാജരായി. കോന്നി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന അഷാദാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണസംഘത്തിൽ എസ്‌ഐ മാത്യു വർഗീസ്, എഎസ്‌ഐ അനിൽ കുമാർ എന്നിവരുമുണ്ടായിരുന്നു.