പത്തനംതിട്ട : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെ ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഎം കോൺഗ്രസ് സംഘർഷം. അടൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെയുള്ളവ തല്ലിത്തകര്‍ക്കുകയും മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഓഫിസിലെത്തിയ ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. വണ്‍വേ പോയിന്‍റിൽ മാർച്ച് തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം കോണ്‍ഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തിരുവല്ലയിലും വ്യാപക ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും സി.പി.എം പ്രവർത്തകർ തകര്‍ത്തു. ജില്ലയിൽ ഇരു വിഭാഗങ്ങളുടെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഡല്‍ഹിയില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനമെത്തിയതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.