പത്തനംതിട്ട: സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവും ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനുമായ റാന്നി ഇടമണ്‍ അരീകുഴി തടത്തില്‍ എം വി വിദ്യാധരന്‍ (62) അന്തരിച്ചു. ഇന്ന് രാവിലെ 8.45ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന ട്രഷററും ജില്ല പ്രസിഡന്‍റുമായിരുന്നു.
എഐവൈഎഫിലൂടെ പൊതു രംഗത്ത് എത്തിയ വിദ്യാധരന്‍ 1978 ലാണ് സിപിഐയില്‍ അംഗമാകുന്നത്. സിപിഐ വെച്ചൂച്ചിറ, നാറാണംമൂഴി ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. സിപിഐ റാന്നി മണ്ഡലം സെക്രട്ടറി, ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന കൗണ്‍സിൽ അംഗം,എഐടിയുസി ജില്ലാ സെക്രട്ടറി, റാന്നി താലൂക്ക് വികസന സമിതി അംഗം, ഹോസ്‌പിറ്റല്‍ വികസന സമിതി അംഗം, റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.