പത്തനംതിട്ട: ഒരിടവേളയ്ക്കു ശേഷം പത്തനംതിട്ടയില്‍ വീണ്ടും സിപിഎം-സിപിഐ സംഘർഷം. ഇന്നലെ രാത്രി എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിന്‍റെ വീടിന് നേരെ ആക്രമണം നടന്നു. വീടിന്‍റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസം അങ്ങാടിക്കലിൽ നടന്ന സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ കൊടുമൺ ഇൻസ്പെക്‌ടർ മഹേഷ് കുമാർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും ഇരുവിഭാഗങ്ങളിലെയും നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
സംഘർഷത്തിനിടെ പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ടാണ് ഇൻസ്പെക്‌ടർ മഹേഷ് കുമാറിന്‍റെ തലയ്ക്ക് പരിക്കേറ്റത്. സിപിഎമ്മും സിപിഐയും തമ്മിലാണ് സഹകരണ ബാങ്കിലേക്ക് മത്സരം നടന്നത്. കോൺഗ്രസും ബിജെപിയും മത്സരരംഗത്ത് ഇല്ലായിരുന്നു.
വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ തുടങ്ങിയ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം അടൂർ ജനറൽ ആശുപത്രിയിൽ ചികിസയിലാണ്.
Also read: നടിയെ ആക്രമിച്ച കേസ്; 8 സാക്ഷികളെ വിസ്‌തരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി ഹൈക്കോടതി