ശബരിമല: ശബരിമല ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് അഭിഷേകത്തിനും മറ്റ് പൂജകൾക്കുമായുള്ള പാൽ എത്തിക്കുന്നത്. ഗുജറാത്തിൽ നിന്നെത്തിച്ച ഗിർ ഇനത്തിലെ പശുവും കിടാവും കൂടാതെ അഞ്ച് വെച്ചൂർ പശുക്കളടക്കം 15 പശുക്കളാണ് ഇവിടെയുള്ളത്. ഒമ്പത് കാളകളും ആടുകളും കോഴികളുമെല്ലാം ഭസ്മ കുളത്തിന് സമീപത്തുള്ള ഈ ഗോശാലയിലുണ്ട്.
പുലർച്ചെ രണ്ടിന് ഗോശാല കഴുകി പശുക്കളെ തീർഥം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് പാൽ കറന്നെടുക്കുന്നത്. നട തുറക്കുന്നതിന് മുമ്പ് അഭിഷേകത്തിനുള്ള പാൽ ക്ഷേത്രത്തിലെത്തിക്കും. അഷ്ടാഭിഷേകത്തിനും ഈ പാലാണ് ഉപയോഗിക്കുന്നത്. ഗോശാലയുടെ മുഴുവൻ സമയ പരിചാരകന്‍ പശ്ചിമ ബംഗാൾ സ്വദേശി ആനന്ദ് സാമന്തയാണ്. വർഷത്തിൽ ഒരു മാസം നാട്ടിൽ പോകുന്നതൊഴിച്ചാൽ ആനന്ദിന്റെ ജീവിതം മുഴുവൻ ഈ ഗോശാലയിൽ തന്നെയാണ്. കഴിഞ്ഞ ആറ് വർഷമായി ആനന്ദ് ഇവിടെയുണ്ട്. പാലക്കാട് സ്വദേശിയായ വ്യവസായി സുനിൽ സ്വാമിയാണ് ഗോശാല പണിത് നൽകിയത്. ഇദ്ദേഹം നടയ്ക്ക് വച്ച പശുക്കളാണ് ഇവിടെയുള്ളത്. പശുക്കൾക്ക് ആവശ്യമായ കാലിത്തീറ്റയും മറ്റും എത്തിക്കുന്നതും സുനില്‍ സ്വാമിയാണ്.