പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും അലംഭാവം കാട്ടരുതെന്നും രോഗവ്യാപനം തടയുന്നതിന് അതീവ ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 24 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് എട്ട് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 72 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. 410 പ്രൈമറി കോണ്‍ടാക്ടുകളും 166 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 3937 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3391 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്നും 57 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 456 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച സാമ്പിളുകളില്‍ 12 എണ്ണം പൊസിറ്റീവായും 267 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനത്തിന് 326 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചതിന് അഞ്ച്കേസും എടുത്തിട്ടുണ്ട്. 271 വാഹനങ്ങളും പിടിച്ചെടുത്തു.