പത്തനംതിട്ട: പന്തളത്ത് അർച്ചനാ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ 11 മണിക്ക് ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ പി.ബി.നൂഹ്, പന്തളം നഗരസഭ ചെയർപേഴ്സൺ ടി.കെ.സതി എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. മൂന്നര ലക്ഷത്തോളം രൂപ ചിലവിലാണ് 44 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയത്. ആശുപത്രിയുടെ താഴത്തെ നില അഡ്മിനിസ്ട്രേഷൻ വിഭാഗത്തിനും ഒന്നും, രണ്ടും, മൂന്നും നിലയിലുള്ള മുറികള്‍ രോഗികൾക്കുമായാണ് ഒരുക്കിയിരിക്കുന്നത്.
വിദേശത്തുനിന്നും ഇതര സംസ്ഥാനത്തിനങ്ങളില്‍ നിന്നും എത്തുന്നവരെ അടൂർ താലൂക്കിലുള്ള എട്ട് കേന്ദ്രങ്ങളിലായി പാർപ്പിച്ച ശേഷം ഇവരിൽ പ്രാഥമിക രോഗലക്ഷണം കാണുന്നവരെ പന്തളത്ത് സജ്ജമാക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി ചികിത്സ നൽകാനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ചാൽ കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമുള്ള കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നുള്ള നാല് ഡോക്‌ടര്‍മാരും പത്തോളം നഴ്‌സിങ് സ്റ്റാഫുകളേയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. ഹരീഷ് പറഞ്ഞു. കെട്ടിടത്തിലെ മുറികളുടെ പുനരുദ്ധാരണപ്പണികൾ നടത്തുന്നതിനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. വൈദ്യുതീകരണം, വെള്ളത്തിനുള്ള സൗകര്യം, ശൗചാലയം എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതായി പന്തളം നഗരസഭാ സെക്രട്ടറി ജി. ബിനുജി പറഞ്ഞു.