പത്തനംതിട്ട: മണ്ണടിയിൽ 1375 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വിഴിഞ്ഞം, ഏനാത്ത്, മണ്ണടി, കടമ്പനാട് , കല്ലുകുഴി, മാഞ്ഞാലി, തുവയൂർ, ഐവർകാല, നെല്ലിമുകൾ, പുത്തൂർ, ഏഴാംമൈൽ, പൂവറ്റൂർ, പുത്തനമ്പലം, കുന്നത്തൂർ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യമാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസ് മണ്ണടി താഴത്ത് ജംഗ്ഷനിൽ വച്ച് പിടികൂടി ഫുഡ് സേഫ്റ്റി അധികൃതർക്ക് കൈമാറുകയായിരുന്നു.
പഞ്ചായത്തിലെ മത്സ്യ മാർക്കറ്റുകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പഞ്ചായത്തിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എആർ അജീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഐവർകാല പാകിസ്ഥാൻ മുക്ക് ഷൈൻ മൻസിൽ ബദറുദ്ദീൻ, പള്ളിവടക്കേതിൽ ഷാജിന എന്നിവരുടെ പേരിൽ കേസ് എടുത്തു. മത്സ്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങളും പഞ്ചായത്ത് പിടിച്ചെടുത്ത് ഏനാത്ത് പൊലീസിന് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ ആർ അജീഷ് കുമാർ, ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ലീന, കെ അനിൽകുമാർ, കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോ. ട്രീസലിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെജി സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദുകുമാരി, മഞ്ചു, ഉഷ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ ആർ എസ് രഞ്ചു, ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ , എഎസ്ഐ മാരായ ഹരികുമാർ വിൽസൺ, സിപിഒ ശ്രീരാജ് ഏനാത്ത്, എസ് ഐ വിപിൻ, വില്ലേജ് ഓഫീസർ സുരേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.