പത്തനംതിട്ട: കേരളത്തിലെ എയ്‌ഡഡ് സ്‌കൂള്‍ മാനേജ്മെന്‍റുകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ അപലപനീയമാണെന്ന് കെപിഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം മണി. കെഇആര്‍ ഭേദഗതി നടത്തുന്നതിന് മുന്‍പ് മാനേജ്മെന്‍റിന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഗവൺമെന്‍റ് തയ്യാറാവണമെന്നും കെപിഎസ്എം ആവശ്യപ്പെട്ടു. ഇല്ലാത്ത പ്രൊട്ടക്ഷൻ അധ്യാപകരുടെ പേര് പറഞ്ഞ് നിയമന നിരോധനം നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മേശക്ക് ചുറ്റും ഇരുന്നാൽ ഒരു മണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്‌കൂളുകൾ നടത്തിക്കൊണ്ടുപോകാനും അടച്ച് പൂട്ടാനും അനുവദിക്കാത്ത നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സർക്കാർ നിലപാട് മാറ്റാത്ത പക്ഷം ഈ വർഷം മാർച്ചോടെ സ്‌കൂളുകൾ അടച്ച് പൂട്ടുന്നതിന് നിയമപ്രകാരം മാനേജ്മെന്‍റുകൾ അപേക്ഷ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.