പത്തനംതിട്ട: മൃഗാശുപത്രിയിലെ മാലിന്യങ്ങൾ പൊതുസ്ഥലത്തിട്ട് കത്തിക്കുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നതായി പരാതി. തിരുവല്ല-തിരുവനന്തപുരം സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന കുറ്റൂർ സർക്കാർ മൃഗാശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നത്. മൃഗാശുപത്രിക്ക് മുമ്പിൽ നിരന്തരമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിയ അളവിൽ കൂട്ടിയിട്ട് കത്തിക്കുന്നുവെന്നും പുക കാരണം ശ്വാസതടസം അനുഭവപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു.
മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ എത്തുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി കത്തിക്കുന്നത് വിലക്കിയിരുന്നതായും ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ രഘുനാഥ് പറഞ്ഞു.