പത്തനംതിട്ട: ഫെബ്രുവരി രണ്ട് മുതല്‍ എട്ടുവരെ നടക്കുന്ന 88-ാമത് മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിശദമാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ കോ-ഓര്‍ഡിനേറ്ററായും, കോഴഞ്ചേരി തഹസീല്‍ദാരെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി.
ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ഉണ്ടായിരിക്കും. പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, പന്തളം, കോട്ടയം തിരുവല്ല എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ തവണത്തേക്കാള്‍ അധിക ബസ് സര്‍വീസ് കെ.എസ്.ആര്‍.ടി.സി നടത്തും. തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെളളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിട്ടിയും, ക്രമസമാധാനപാലനം, വ്യാജ മദ്യവില്‍പന, ലഹരിവസ്തുക്കളുടെ ഉപയോഗം തടയല്‍ എന്നിവ പൊലീസ്, എക്സൈസ് വകുപ്പുകളും നിര്‍വഹിക്കും. ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെ മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ജില്ലാ കലക്‌ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.