പത്തനംതിട്ട: ലഡാക്കിലെ ഗല്‍വാൻ അതിർത്തിയില്‍ ചൈനീസ് സൈനികരുമായുള്ള സംഘർഷത്തില്‍ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയ്ക്കും ആൾനഷ്ടമുണ്ടായി. അതിർത്തിയില്‍ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും വൻതോതില്‍ പടയൊരുക്കം നടത്തുകയാണ്. നയതന്ത്ര തലത്തില്‍ പ്രശ്നപരിഹാരത്തിന് ചർച്ചകളും പുരോഗമിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ "ചൈന" ശാന്തമാണ്. ഇവിടെ പട്ടാളവും പടപ്പുറപ്പാടുമില്ല. അതിർത്തി പ്രശ്‌നങ്ങളും ഗല്‍വാൻ താഴ്വരയുമില്ല. പുനലൂർ - മൂവാറ്റുപുഴ പാതയില്‍ കോന്നിക്കും പത്തനംതിട്ടക്കും ഇടയില്‍ കോന്നി മാർക്കറ്റിന് സമീപത്തെ" ചൈന ജംഗ്ഷനില്‍" കാര്യങ്ങൾ ശാന്തമാണ്.
1950ല്‍ പ്രധാനമന്ത്രിയായിരിക്കെ ജവഹർലാല്‍ നെഹ്‌റു തെരഞ്ഞെടുപ്പ് പ്രചരണാർഥം കോന്നിയിലെത്തിയപ്പോൾ സമ്മാനിച്ചതാണ് ഈ പേര്. പ്രചരണത്തിന്‍റെ ഭാഗമായി തുറന്ന ജീപ്പില്‍ പോകുന്നതിനിടെ ത്രിവർണ പതാകയെക്കാളും കൂടുതല്‍ ചെങ്കൊടിയാണ് നെഹ്റുവിന് കാണാൻ കഴിഞ്ഞത്. ആ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു ഈ ജംഗ്ഷൻ. ചെങ്കൊടി കണ്ട നെഹ്റു അവിടെ കൂടി നിന്നവരോട് ചോദിച്ചു ഇത് എന്താ ചൈനയാണോ എന്ന്. അന്ന് മുതൽ ഈ സ്ഥലം ചൈന ജംഗ്ഷൻ എന്നാണ് അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു.
പേര് ചൈന ജംഗ്‌ഷൻ എന്നാണെങ്കിലും ഇന്നാട്ടുകാർക്ക് ചൈനയോട് യാതൊരു മമതയുമില്ല. ഇന്ത്യൻ അതിർത്തിയില്‍ സംഘർഷത്തിന് വഴിയൊരുക്കുന്ന ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ തയാറെടുക്കുകയാണ് ഇവിടുത്തുകാർ.