പത്തനംതിട്ട: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി തിരുവല്ലയിൽ നടന്ന പരിശോധനയിൽ മഴുവങ്ങാട്ടെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും ഒരു ടണ്ണോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ - ഫിഷറീസ് എന്നീ വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെടുതത്ത്. 450 കിലോ ചൂര, 400 കിലോ മത്തി, 130 കിലോ അയല എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ജില്ലയില്‍ ഏപ്രിൽ മാത്രം നടത്തിയ പരിശോധനയിൽ 2659 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മീഷണർ ബി മധുസൂദനൻ, നോഡൽ ഓഫീസർ രഘുനാഥ കുറുപ്പ്, സേഫ്റ്റി ഓഫീസർ പ്രശാന്ത്, ഫിഷറീസ് ഇൻസ്പെക്‌ടർ ഉല്ലാസ് കുമാർ , നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ അജി എസ് കുമാർ, പി മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.