പത്തനംതിട്ട: ആറന്മുള കരുണാലയത്തില്‍ കെയര്‍ടേക്കറിന് കൊവിഡ് പോസിറ്റീവ് ആയെന്ന വിവരം മറച്ചുവച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് കലക്‌ടറോട് നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളില്‍ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ജില്ല കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കൊവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ചു
ആറന്മുള കരുണാലയത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കരുണാലയത്തിലെ 143 അന്തേവാസികളെയും 18 ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. അതില്‍ 107 അന്തേവാസികള്‍ക്കും ആറു ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
തുടർന്ന് സ്ഥാപനത്തിലെ കെയര്‍ടേക്കര്‍ നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നും കോവിഡ് പോസിറ്റീവ് ആയത് സ്ഥാപനത്തില്‍ അറിയിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രോഗവിവരം മറച്ചുവച്ചത് വലിയ തെറ്റാണെന്നും ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയലത്തല ഗവ. ഓള്‍ഡേജ് ഹോമില്‍ 26 അന്തേവാസികള്‍ക്കും ഒരു സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേര്‍ക്കും കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറന്മുള കരുണാലയവും വയലത്തല ഗവ. ഓള്‍ഡേജ് ഹോമും ഇപ്പോള്‍ സി.എഫ്.എല്‍.ടി.സികളാക്കി മാറ്റിയാണ് ചികിത്സ നല്‍കുന്നത്. വൃദ്ധസദനങ്ങളിലേയും ബാലസദനങ്ങളിലേയും ജീവനക്കാര്‍ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വീട്ടില്‍ പോകാതെ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്തേവാസികളുടെ ആരോഗ്യനില തൃപ്‌തികരം
അതേസമയം വൃദ്ധസദനങ്ങള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളും ജില്ലയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സാമൂഹികക്ഷേമ വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രൈമറി കോണ്ടാക്‌ട് ആയവര്‍ ക്വാറന്‍റൈൻ ലംഘിച്ചാല്‍ പൊലീസ് നടപടി സ്വീകരിക്കണം. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. കൂടുതല്‍ പേരിലേക്കു രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. ഇതിനായി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വൃദ്ധസദനം, ബാലസദനം തുടങ്ങിയ സ്ഥാപനങ്ങളില്‍ പുറത്തു നിന്ന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ജില്ലയിലെ കൊവിഡ് കൂടിയ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ALSO READ: ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാൽ ചിത്രം; ചിത്രരചനയിൽ വ്യത്യസ്‌തതയുമായി വിശ്വപ്രതാപ്