പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ റാന്നി തോട്ടമണ്‍ പള്ളിക്ക് മുന്നില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കൂട്ടോളി പുല്ലോലക്കല്‍ വീട്ടിൽ മിനി ജയിംസ് (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജയിംസ് തോമസ്, മക്കളായ തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ റാന്നി തോട്ടമൺ കോടതി പടിക്കൽ ആയിരുന്നു അപകടം. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല.
തുടർന്ന് മറ്റ് മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. മകളെയും വിദേശത്ത് നിന്നും ലീവിന് വന്ന ഭർത്താവിനെയും കാണാൻ കോഴിക്കോട് നിന്നും റാന്നിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.