പത്തനംതിട്ട: കാനറാ ബാങ്കിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുന്‍പേ പണം പിന്‍വലിച്ചു. കേസിലെ പ്രതിയായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രമാണുള്ളത്.
പ്രതിയുടെ അമ്മ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 6.5 കോടിയോളം രൂപ എത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുന്‍പാണ് പണം പിന്‍വലിച്ചത്. ഈ പണം എവിടെ പോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംശയമുള്ള കൂടുതല്‍ അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും. കുടുംബാംഗങ്ങളുടെ അറിവോടെയാണോ തുക പിന്‍വലിക്കപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Read more: കാനറാ ബാങ്ക് തട്ടിപ്പ് പ്രതിയെ പത്തനംതിട്ടയിലെത്തിച്ചു; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തട്ടിയെടുത്ത പണത്തില്‍ വലിയൊരു ശതമാനം ഓഹരി പിപണിയില്‍ നിക്ഷേപിച്ചതായാണ് മൊഴി. എന്നാല്‍ ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാകു. തട്ടിപ്പില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം, കേസ് ക്രൈം ബ്രാഞ്ചിനു വിട്ട് ഉത്തരവ് വന്നെങ്കിലും നടപടിക്രമങ്ങള്‍ വൈകും. ഞായറാഴ്‌ച വൈകുന്നേരം ബെംഗളൂരുവില്‍ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.