പത്തനംതിട്ട: ഒന്നര വയസുകാരൻ പമ്പയാറ്റിലെ കടവിൽ മുങ്ങിമരിച്ചു. കടപ്രയിലെ സൈക്കിൾ മുക്ക് മണലേൽ പുത്തൻ പറമ്പിൽ തോമസ് കുര്യൻ- ഷീജ ദമ്പതികളുടെ മകൻ ഡാനി കുര്യനാണ് വീടിന് സമീപം പമ്പയാറ്റിൽ വീണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയുടെ കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കടവിന് സമീപത്ത് നിന്നും മുങ്ങിയെടുക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ അഭിലാഷിന്‍റെ നേതൃത്തിലുള്ള സംഘം ജീപ്പിൽ കുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റേച്ചൽ, അബി എന്നിവരാണ് സഹോദരങ്ങൾ. സംസ്‌കാരം നാളെ വൈകുന്നേരം നാലിന് വളഞ്ഞവട്ടം ഐപിസി സെമിത്തേരിയിൽ നടക്കും. നാഗ്‌പൂരിൽ സ്ഥിര താമസമാക്കിയ തോമസ് കുര്യനും കുടുംബവും കഴിഞ്ഞ ആഴ്‌ചയാണ് സൈക്കിൾ മുക്കിലെ കുടുംബ വീട്ടിൽ എത്തിയത്. 13-ാം തീയതി തിരികെ മടങ്ങാനിരിക്കെയാണ് ഡാനിന്‍റെ അപ്രതീക്ഷിത വിയോഗം.