പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ താറാവു വളർത്തൽ കേന്ദ്രമായ കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിലെ താറാവ് കർഷകർ ആശങ്കയിൽ. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ താറാവുകളിൽ അടക്കം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേഖലയിലെ കർഷകരില്‍ ആശങ്ക ഉയരുന്നത്. അപ്പർ കുട്ടനാടൻ മേഖലയായ തലവടിയിലും മങ്കൊമ്പിലും രോഗബാധയാൽ താറാവുകൾ കൂട്ടത്തോടെ ചെത്തോടുങ്ങിയിട്ടുണ്ട്. എന്നാൽ പത്തനംതിട്ട ജില്ലയിൽ ഇതുവരെ താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
വേനൽ കടുത്തതോടെ താറാവുകൾ പലവിധ രോഗങ്ങളാൽ ചത്തുവീഴുന്നതിനിടെയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയും പുഞ്ചനിലങ്ങളിലും കരിനിലങ്ങളിലും വിളവെടുപ്പ് അടുക്കുകയും ചെയ്‌തതോടെ മേഖലയിൽ വൻ തോതിൽ ദേശാടന പക്ഷികൾ വിരുന്നുകാരായി എത്തിയിട്ടുണ്ട്. ഇവയുടെ വരവോടെ താറാവു കർഷകർ കടുത്ത ആശങ്കയിലാണ്.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ താറാവ് വളർത്തൽ കേന്ദ്രമായ നിരണത്തും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 4500 താറാവുകളാണ് ഇവിടെയുള്ളത്. ആഴ്‌ചയിൽ 7500 മുതൽ 8000 കുഞ്ഞുങ്ങളെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുമുണ്ട്. ആലപ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ മുഖ്യകാര്യാലയം കേന്ദ്രമാക്കി കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മേഖലയിൽനിന്നും വൈറസ് ബാധയുടെ സൂചന ലഭിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ ഡോ: മേരി ജെയിംസ് പറഞ്ഞു.
കോഴിക്കോട് മേഖലയിൽ പ്രധാനമായും എച്ച് 5 എൻ 1 എന്ന വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു. വരും ദിവസങ്ങളിൽ കുട്ടനാടൻ കാർഷിക മേഖലയിൽനിന്നും ശേഖരിക്കുന്ന പക്ഷികളുടെ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും. പാലോടും, തിരുവല്ലയിലുമുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ ലാബുകളിലാവും ഇവ പരിശോധിക്കുക. രോഗമുള്ളതായി സൂചന ലഭിച്ചാല്‍ ഭോപ്പാലിലെ ഹൈടെക് ലാബിലെത്തിച്ച് സ്ഥിരീകരിക്കും.
എന്നാൽ, മേഖലയിൽ ദിനംപ്രതി നൂറുകണക്കിന് താറാവിൻ കുഞ്ഞുങ്ങളെ അടവെച്ച് വിരിയിക്കുന്ന ഹാച്ചറികളിൽ യാതൊരു പരിശോധനയും നടക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന മുട്ടകളാണ് ഇവിടെ കൂടുതലായും അടവെച്ച് വിരിയിക്കുന്നത്. മുട്ടകൾ രോഗ വിമുക്തമാണോയെന്ന് പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.