പത്തനംതിട്ട: ബാക്ടീരിയ ബാധ മൂലം അപ്പർ കുട്ടനാടൻ മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിരണം മേഖലയിൽ മാത്രം ആയിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്. നിരണം തോട്ടു മടയിൽ പി ടി തോമസിന്‍റെ 800 താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പ്രദേശത്ത് അഞ്ഞൂറിലധികം താറാവുകളിൽ രോഗ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്. റായ്ബറല്ല ബാക്ടീരിയ ബാധയാണ് താറാവുകളിൽ പിടിപെട്ടിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. ഭക്ഷണവും വെള്ളവും കഴിക്കാതെ തൂങ്ങി നിന്ന് രണ്ട് ദിവസത്തിനുള്ളിൽ പിടഞ്ഞു വീണ് മരണം സംഭവിക്കുകയാണ് ചെയ്യുന്നത്.
കോഴിക്കോട് ഉണ്ടായത് പോലെയുള്ള പക്ഷിപ്പനിയല്ല താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ ഇടയാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേനൽ കടുത്തതോടെ അപ്പർ കുട്ടനാടൻ മേഖലയിലെ ജലാശയങ്ങൾ വറ്റിവരണ്ട് വെള്ളം മലിനമായി മാറിയിട്ടുണ്ട്. ഈ മലിന ജലത്തിൽ നിന്നും പടരുന്ന ബാക്ടീരിയയാണ് താറാവുകളിൽ പടർന്നു പിടിക്കുന്നതെന്ന് മഞ്ഞാടി പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. വാക്സിനേഷൻ ആരംഭിച്ചതോടെ ബാക്ടീരിയ ബാധ വലിയ പരിധി വരെ പിടിച്ചു നിർത്താനായതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.