ഇല്ലാത്ത പാലത്തിന്റെ പേരിൽ വോട്ടു തേടിയ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ പ്രതിഷേധവുമായി കോന്നിയിലെ ആദിവാസികൾ. നിയമസഭയിൽ താൻ പ്രതിനിധീകരിക്കുന്ന കോന്നി മണ്ഡലത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിൽ പാലം യാഥാർത്ഥ്യമാക്കിയെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വികസന പത്രികയിൽ അവകാശപ്പെടുന്നത്. പാലം പോയിട്ട് കുടിവെള്ളം പോലും കിട്ടാത്തത്ര ദുരിതത്തിലാണ് ആവണിപ്പാറയിലെ ആദിവാസികൾ.
കോന്നിയിൽ നിന്ന് അച്ചൻകോവിലേക്കുള്ള പാതയിൽ വനനടുവിൽ ഒറ്റപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ മുപ്പതിലേറെ കുടുംബങ്ങളുണ്ട്. ഇവിടെ അടൂർ പ്രകാശിന്റെ വികസന പത്രികയിൽ പറയുന്ന പാലം ഇവിടെ ഇല്ലെന്ന് എല്ലാവരും പറയുന്നു
വെള്ളം കുറവുള്ള സമയത്ത് അച്ചൻകോവിലാറ് മുറിച്ചുകടന്ന് ആവണിപ്പാറയിലെത്താം. ഇല്ലെങ്കിൽ പട്ടികവർഗ്ഗ വികസന വകുപ്പ് അനുവദിച്ച കടത്തുവള്ളം തന്നെ ശരണം. കോളനിയിൽ എത്തിയാൽ ഇല്ലായ്മകളുടെ പട്ടിക തന്നെ കേൾക്കാം. കോളനിയിലെ വീടുകളിൽ വെളിച്ചമോ കുടിവെള്ളമോ ഇല്ല. സഞ്ചാര സൗകര്യം ഇല്ലാത്തതിനാൽ കുട്ടികളിൽ പലരും സ്കൂളിൽ പോകുന്നില്ല. നിർമ്മാണ ഉദ്ഘാടനം നടത്തിയ പാലം ഇപ്പോഴും പ്രതീക്ഷ മാത്രമായി തുടരുന്നു.
മഴവെള്ളം അരിച്ചു ശേഖരിച്ചാണ് കുടി വെള്ളം പോലും കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചോദിച്ചു വരുമെങ്കിലും തങ്ങളുടെ എംപിയും എംഎൽഎയും ആരാണെന്ന് പോലും ഈ സാധുക്കളിൽ പലർക്കുമറിയില്ല. കുടിവെള്ളവും കറണ്ടും പാലവും ഒക്കെ വാഗ്ദാനംചെയ്ത് കാലങ്ങളായി തങ്ങളുടെ വോട്ട് ആരൊക്കെയോ ചോദിച്ചു വാങ്ങുന്നു. ഇല്ലാത്ത പാലം യാഥാർത്ഥ്യമാക്കിയതായി പറയുന്ന കോന്നി എംഎൽഎ ആരാണെന്ന് പോലും ഇവർക്ക് അറിയില്ല.