പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യക്ക് തുടക്കമായി. ദേശദേവനായ പാർത്ഥസാരഥി അന്നദാനപ്രഭുവെന്ന വിശ്വാസത്തിലാണ് ഭക്തർ വള്ളസദ്യ വഴിപാടായി നേരുന്നത്. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ, ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ എത്തുന്നത്. പള്ളിയോടം എത്തുമ്പോൾ കരനാഥന്മാരെ വഴിപാടുകാർ വെറ്റില, പുകയില, അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിക്കും. തുടർന്ന് കൊടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നതാണ് ആദ്യ ചടങ്ങ്.
കൊടിമരച്ചുവട്ടിൽ പറയിട്ടിരിക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്‍റെ താളത്തിനനുസരിച്ച് അവിടെ വെക്കും. തുടർന്ന് മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വച്ചശേഷം പിന്നീട് വള്ളപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേക്ക് പോകുo. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിക്കാറുള്ളൂ. വള്ളപ്പാട്ടിൽ കൂടി ചോദിക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. 68 ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും. സദ്യയുടെ തുടക്കത്തില്‍ 48 വിഭവങ്ങളാണ് ഇലയിലുണ്ടാവുക. പിന്നീട് ബാക്കിയുള്ള വിഭവങ്ങള്‍ വിളമ്പുകാരില്‍ നിന്ന് ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. വള്ളപ്പാട്ടില്‍ കൂടിയാണ് വിഭവങ്ങള്‍ ചോദിക്കുന്നത്.
ഈ വർഷത്തെ വഴിപാട് വള്ളസദ്യകളുടെ ഉദ്‌ഘാടനം എൻഎസ്‌എസ് പ്രസിഡന്‍റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാർ, ബോർഡ് അംഗങ്ങൾ, വീണ ജോർജ് എംഎൽഎ, ജില്ലാ കലക്‌ടർ പി ബി നൂഹ് തുടങ്ങി സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രയാർ, ചെറുകോൽ, കോഴഞ്ചേരി, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ തുടങ്ങി 8 പള്ളിയോടങ്ങളാണ് ആദ്യ ദിവസത്തെ വള്ളസദ്യകൾക്കുണ്ടായിരുന്നത്. ഈ വർഷം ഇതുവരെ 430 വള്ളസദ്യകളാണ് ബുക്ക് ചെയ്‌തിട്ടുള്ളത്.