പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിരാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആന്‍റോ ആന്‍റണി എംപി ആവശ്യപ്പെട്ടു. തെരുവ് നായയുടെ കടിയേറ്റത്തിന് ശേഷം മൂന്നു വാക്‌സിനുകൾ എടുത്തിട്ടും കുട്ടി മരിച്ചത് വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്നതാണ്. വാക്‌സിനുകളുടെ ഗുണമേന്മയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കയ്ക്ക് അടിവര ഇടുന്നതാണ് ഈ സംഭവമെന്നും എംപി പറഞ്ഞു.
പേ വിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍റെ കാര്യക്ഷമതയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഗുണമേന്മ ഇല്ലാത്ത വാക്‌സിനുകൾ മുഴുവൻ പിൻവലിച്ച് ഫലപ്രദമായ വാക്‌സിനുകൾ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണം. ഒരു വർഷത്തിനിടയിൽ ഇരുപതോളം ആളുകൾ പേ വിഷബാധയേറ്റ് മരിക്കുകയും, 2 ലക്ഷത്തോളം ആളുകൾക്ക് തെരുനായ്ക്കളുടെ കടിയേൽക്കുകയും ചെയ്‌തു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും, ഫലപ്രദമായ വാക്‌സിനുകൾ ലഭ്യമാക്കുന്ന കാര്യത്തിലും യാതൊരു നടപടിയും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.
മുൻപ് തെരുവുനായയുടെ കടിയേറ്റാൽ പ്രതിരോധ വാക്‌സിൻ ഫലപ്രദമായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ഗുണമേന്മയുമില്ലാത്ത പ്രതിരോധ വാക്‌സിനുകൾ ആണ് നിലവിൽ ഉള്ളത് എന്നാണ് നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഗുണമേന്മയുള്ള വാക്‌സിനുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അഭിരാമിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Also Read: തെരുവ് നായ ആക്രമണം, 12കാരി മരിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക്: രമേശ് ചെന്നിത്തല