പത്തനംതിട്ട: അടൂര്‍ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ധാരണയുണ്ടാക്കി മത്സരം ഒഴിവാക്കിയ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കെ.പി.സി.സി നടപടി. ഡി.സി.സി ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂര്‍, ഡി.എന്‍. തൃദീപ്, എം.ആര്‍. ജയപ്രസാദ്, കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്‍റ് ബിജു ഫിലിപ്പ് എന്നിവരെ നിലവിലെ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ചില കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ധാരണയുണ്ടാക്കി പാർട്ടിയെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കളും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ പരാതിയിലാണ് നടപടി.
13 അംഗ ഡയറക്‌ടര്‍ ബോര്‍ഡില്‍ രണ്ട് എണ്ണം സി.പി.എം നോമിനികള്‍ക്ക് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു ബാങ്ക് പ്രസിഡന്‍റ് ഏഴംകുളം അജുവിന്‍റെ നേതൃത്വത്തില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയത്. 13 അംഗ ബോര്‍ഡിലേക്ക് 20 പേരെ കൊണ്ട് നാമനിര്‍ദേശം കൊടുപ്പിക്കാനാണ് ഡി.സി.സി പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചത്. നാമനിര്‍ദേശം കൊടുക്കേണ്ട 20 പേരുടെ പട്ടികയും ഡി.സി.സി പ്രസിഡന്‍റ് ബ്ലോക്ക് പ്രസിഡന്‍റിന് കൈമാറിയിരുന്നു.
എന്നാല്‍ അവസാന നിമിഷം 11 പേര്‍ മാത്രമാണ് പത്രിക നല്‍കിയത്. പാര്‍ട്ടി ധാരണകൾ ലംഘിച്ച് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി കെ.പി.സി.സി നേതൃത്വത്തിന് ബോധ്യമായതിനെ തുടർന്നാണ് അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.