പത്തനംതിട്ട : വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആദിവാസി മരിച്ചു. അരുവാപ്പുലം പഞ്ചായത്ത് ആവണിപ്പാറ ആദിവാസി കോളനിയിലെ കണ്ണന്‍(53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ആവണിപ്പാറ കോളനിയില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ഉള്‍വനത്തില്‍ പേരള അഞ്ച് സെന്‍റ് മുത്തന്‍തോട് ഭാഗതാണ് കണ്ണനും ഭാര്യ ഷീലയും കോളനിയിൽ നിന്നുള്ള മറ്റുചിലരും വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയത്. മൂന്ന് ദിവസം മുൻപാണ് ഇവർ വനവിഭവങ്ങൾ ശേഖരിക്കാൻ കോളനിയിൽ നിന്നും തിരിച്ചത്. വയണ മരത്തിന് മുകളിൽ കയറി വയണപ്പൂ ശേഖരിക്കുന്നതിനിടെ കണ്ണന്‍ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു.
also read: പത്തനംതിട്ടയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവിനെ കാണാതായി
സമീപത്ത് വനവിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടിരുന്ന ഭാര്യ ഷീലയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളും ഓടിയെത്തിയെങ്കിലും ഉൾവനത്തിൽ നിന്നും കണ്ണനെ പുറത്തെത്തിക്കാൻ കഴിയാത്ത അവസ്ഥയിലായിയുന്നു. പിന്നീട് ഷീല കോളനിയിലെത്തി വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലക സംഘം കോളനി നിവാസികൾക്കൊപ്പം ഉൾവനത്തിലെത്തി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.