പത്തനംതിട്ട: സ്വന്തം നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് മേൽ കുരുക്ക് മുറുകുന്നു. പോക്സോ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിവാദ വീഡിയോ ഷൂട്ട് ചെയ്തത് ആരാണെന്നും ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായ മനോവികാരം എന്താണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് വെളളിയാഴ്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ .ജി സൈമണ് പരാതി നൽകുമെന്ന് പരാതിക്കാനായ അഡ്വ. കെ .ജി അരുൺ പ്രകാശ് പറഞ്ഞു.
അരുൺ പ്രകാശ് തിരുവല്ല പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മിഷനും രഹ്നയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സൗത്ത് സിഐ കെ. ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രഹ്നയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ലാപ് ടോപ്പും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷും അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൊലീസ് സംഘം റെയ്ഡിനെത്തുമ്പോൾ രഹ്ന ഫാത്തിമ വീട്ടിൽ ഉണ്ടായിരുന്നില്ല. രഹ്ന കോഴിക്കോടുള്ള സുഹൃത്തിനെ സന്ദർശിക്കാൻ പോയതായാണ് ഭർത്താവ് മനോജ് ശ്രീധർ പൊലീസിന് മൊഴി നൽകിയത്.
എന്നാൽ രഹ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലുമാണ്. ബാലാവകാശ കമ്മിഷനടക്കം കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനോട് രഹ്ന ബുധനാഴ്ച നിയമോപദേശം തേടിയിരുന്നു. അതിന് പിന്നാലെയാണ് രഹ്ന കൊച്ചിയിൽ നിന്നും മുങ്ങിയത്. പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സംഭവം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. നസീര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബര്‍വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്.
വീഡിയോയില്‍ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായപ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് കൂടി കണക്കിലെടുത്താണ് നടപടി.