പത്തനംതിട്ട : തിരുവല്ലയിൽ പണയം വയ്ക്കാൻ വാങ്ങിയ സ്വർണമാല തിരികെ ചോദിച്ച വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തിൽ തിരുവല്ല നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയനെ (57) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
നിരണം കോട്ടയ്ക്കച്ചിറ വീട്ടില്‍ രാജേഷിന്‍റെ ഭാര്യ സജിതയെ (41) തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ 17ന് വൈകിട്ട് നാലരയോടെ സജിതയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സജിത വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ALSO READ:മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ
പണയം വയ്ക്കാനായി സജിത തന്‍റെ സ്വര്‍ണമാല മാസങ്ങള്‍ക്ക് മുമ്പ് മണിയന് നല്‍കിയിരുന്നു. ഏറെനാൾ കഴിഞ്ഞിട്ടും മാല മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് സജിതയും മണിയനും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതിനിടെ മണിയന്‍ സജിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തിനിടെ പൊള്ളലേറ്റ മണിയന്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് അറസ്റ്റ് ചെയ്‌ത് തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.