പത്തനംതിട്ട: അസഭ്യം പറഞ്ഞ യുവതിയെ ക്രിമിനൽ കേസ് പ്രതിയായ അയൽവാസി തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അയൽവീട്ടിൽ വളർത്തുന്ന ആടുകൾ ഒച്ച വച്ചതിൽ പ്രകോപിതനായി അസഭ്യം വിളിച്ചതിനെതുടർന്ന് യുവതി തിരിച്ചും അസഭ്യം പറഞ്ഞതാണ് ആക്രമണ കാരണം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന് നിയമനടപടികൾക്ക് വിധേയനുമായ കൊടുമൺ സ്വദേശി ഷിബു(40)വിനെയാണ് പൊലീസ് പിടികൂടിയത്. കൊടുമൺ എരുത്വക്കുന്ന് സ്വദേശിനി ലത(40)യ്‌ക്കാണ് മുഖത്തും കൈയ്‌ക്കും ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് സംഭവം.
ആടുകളുടെ കരച്ചിൽ കേട്ടപ്പോൾ പ്രകോപിതനായ ഇയാൾ അസഭ്യം വിളിച്ചപ്പോൾ ലതയും തിരിച്ചുവിളിച്ചു. തുടർന്ന് ഇയാൾ ലതയെ വീട്ടിൽ നിന്നും വിളിച്ചിറക്കി മുറ്റത്തു വച്ച് ഇയാളുടെ കൈയിൽ കരുതിയ ദ്രാവകം ലതയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലതയുടെ അമ്മ ദേവകിയുടെ മൊഴിപ്രകാരം അതിക്രമിച്ചുകടക്കലിനും വധശ്രമത്തിനും കേസെടുത്ത കൊടുമൺ പൊലീസ് പ്രതിയെ കൊടുമൺ ചേരുവയിൽ നിന്നും പിടികൂടി.
ശാസ്‌ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്‌ദരും ഫോട്ടോഗ്രാഫിക് യൂണിറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 2018 മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളാണ് ഷിബു. അബ്‌കാരി നിയമപ്രകാരമുള്ള കുറ്റം ചെയ്യൽ, മനപൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം, മോഷണം, കാപ്പ വ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഈ വർഷം മെയ് മാസം ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നതിൽ വിലക്കേർപ്പെടുത്തി ഉത്തരവായിരുന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുതെന്ന വിലക്ക് ലംഘിച്ച പ്രതിയ്‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ കൊടുമൺ പൊലീസ് ഇൻസ്‌പെക്‌ടർക്ക് നിർദേശം നൽകി. കൊടുമൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി ഷിബു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടർ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ രതീഷ്, എസ് സി പി ഒമാരായ പ്രമോദ്, ശിവപ്രസാദ്, വിനീത്, സി പി ഒമാരായ അഭിജിത്, അജിത്, ഷിജു, നഹാസ്, ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.