പത്തനംതിട്ട: പിടികിട്ടാപ്പുള്ളിയായ മോഷ്‌ടാവിനെ വിദഗ്‌ധമായി പിടികൂടി പന്തളം പൊലീസ്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അനീഷിനെയാണ് (39) ആണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിനടുത്തു നിന്നും പൊലീസ് പിടികൂടിയത്.
പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നിർദേശപ്രകാരം നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് മോഷ്‌ടാവിനെ കുടുക്കാനായത്. ഒരാഴ്‌ചയായി ഇയാൾ നാട്ടിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി ഇയാൾ പന്തളം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് വേഷം മാറി ഇയാളുടെ സ്ഥലത്ത് തങ്ങിയ പൊലീസ് സംഘം വീടിന് പരിസരത്ത് എത്തിയ പ്രതിയെ മൽപ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സി പി ഓമാരായ അൻവർഷ എസ്, രാജേഷ് കെ അർ, കൃഷ്‌ണദാസ് എന്നിവർ ചേർന്ന സംഘമാണ് മോഷ്‌ടാവിനെ പിടികൂടിയത്.
പന്തളം സ്റ്റേഷനിലേത് കൂടാതെ മറ്റു ചില പൊലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളിലും, മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മോഷണത്തിനു ശേഷം സ്ഥലം വിട്ട അനീഷിനെ പൊലീസിന് പിടിക്കാൻ കഴിഞ്ഞിരുന്നില്ല.