പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കണമലയ്ക്ക് സമീപം വട്ടപ്പാറ വളവില്‍ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കര്‍ണാടക സ്വദേശികളായ കെ. മല്ലികാര്‍ജുന്‍, കാര്‍ത്തിക്, ചേതന്‍, ദര്ശന് എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. റോഡിന് സമീപത്തെ വീട്ടിലെ ആട്ടിന്‍ കൂടിന് മുകളിലേക്കാണ് വാഹനം വീണത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് വരികയായിരുന്ന വാഹനം വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ALSO READ: 11കാരി മരിച്ച സംഭവം; സിറാജിന്റെ ആരോപണങ്ങൾ നിഷേധിക്കുന്ന ഉവൈസിയുടെ ദൃശ്യം പുറത്ത്
ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഇലവുങ്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സേഫ് സോണ്‍ സ്പെഷല്‍ ഓഫിസര്‍ പി.ഡി. സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
എരുമേലിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് വാഹനം പൊക്കിയെടുത്താണ് തീര്‍ഥാടകരെ പുറത്തിറക്കിയത്. കനത്ത മഴയും ചെളിയും കാരണമാണ് വാഹനം നിയന്ത്രണം വിട്ടതെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ മോട്ടോര്‍വാഹനവകുപ്പിന്റെ വാഹനത്തില്‍ നിലയ്ക്കല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ശേഷം കെഎസ്ആര്‍ടിസി ബസില്‍ ദര്‍ശനത്തിനായി പമ്പയിലേക്ക് പോയി.