പത്തനംതിട്ട : പേവിഷബാധയേറ്റ് പത്തനംതിട്ടയില്‍ 12 വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയും ചികിത്സ പിഴവുമുണ്ടായെന്ന തരത്തിലുള്ള ആരോപണം വസ്‌തുതാവിരുദ്ധമെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിന് ശേഷവും സംഭവിക്കാന്‍ സാധ്യതയുള്ള അപൂര്‍വം സാഹചര്യങ്ങളില്‍ ഒന്നായിരുന്നു കുട്ടിയുടെ മരണം. സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള വീഴ്‌ചയോ പിഴവോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിയുടെ വിശദീകരണം : പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒന്‍പത് മണിയോടുകൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിന് ശേഷം കുട്ടിക്ക് വേണ്ട എല്ലാവിധ പ്രതിരോധ ചികിത്സാനടപടികളും താമസം വിനാ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ ഉടനെ മുറിവുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുകയും ചെയ്‌തു.
പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പും മുറിവിന് ചുറ്റും നല്‍കുന്ന ഇമ്മ്യൂണോഗ്ലോബുലിനും ആശുപത്രിയില്‍ ലഭ്യമായിരുന്നത് കൊണ്ട് ഉടനെ തന്നെ നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. കണ്ണിലും കണ്‍പോളകളിലുമുള്ള മുറിവുകള്‍ക്ക് യഥാസമയം നേത്രരോഗ വിദഗ്‌ധര്‍ ചികിത്സ നല്‍കുകയും മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയില്‍ മൂന്ന് ദിവസം കിടത്തി ആന്‍റിബയോട്ടിക്ക് ഇഞ്ചക്ഷനുകള്‍ നല്‍കുകയും ചെയ്‌തു. മുറിവുകളിലെ അണുബാധ കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തില്‍ കുട്ടിയെ വീട്ടിലേക്ക് ഡിസ്‌ചാര്‍ജ് ചെയ്‌ത് തുടര്‍ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അത്യന്തം ദൗര്‍ഭാഗ്യകരം : വീടിന് അടുത്തുള്ള ആശുപത്രിയില്‍ നിന്നും തുടര്‍ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിദഗ്‌ധ ചികിത്സാരീതികള്‍ തന്നെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കിയത്. പേവിഷബാധക്കെതിരെയുള്ള അത്യാധുനിക ശാസ്ത്രീയ ചികിത്സ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും ലഭ്യമാണ്.
ശരിയായ ചികിത്സ ലഭ്യമാക്കിയതിന് ശേഷവും കുട്ടിയുടെ ജീവന്‍ നഷ്‌ടമായത് അത്യന്തം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ആ കുടുംബത്തിന്‍റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ കേരളത്തിലെ ഓരോ ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവ് നായ ആക്രമണത്തില്‍ പന്ത്രണ്ട് വയസുകാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അഭിരാമിയുടെ അമ്മ രജനി രംഗത്തുവന്നിരുന്നു.
പെരിനാട് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആരോപണം. ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ കിടത്തി. അതിനുശേഷമാണ് വാക്‌സിന്‍ നല്‍കിയത്. കുട്ടിയുടെ മുറിവ് കഴുകാനുള്ള സോപ്പ് പോലും പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നുമുൾപ്പെടെയുള്ള ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്.
പേവിഷബാധ ഉണ്ടാകുന്ന സാഹചര്യം : മുഖത്തും കണ്ണിലും കണ്‍പോളകളിലുമേറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കള്‍ വളരെ വേഗം തലച്ചോറിലേക്ക് പടരുകയും പ്രതിരോധ മരുന്നുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും മുൻപേ നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യാം. ഇത് കൊണ്ട് ചിലപ്പോൾ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കാതെ വരാം. മുറിവുകളുടെ വലിപ്പം, മുറിവേറ്റ ഭാഗത്തെ നാഡീഞരമ്പുകളുടെ സാന്ദ്രത, മുറിവേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള സാമീപ്യം, നേരിട്ട് നാഡികള്‍ക്ക് ഏല്‍ക്കുന്ന മുറിവുകള്‍ എന്നിവയാണ് പലപ്പോഴും രോഗപ്രതിരോധ മാര്‍ഗങ്ങളെ തോല്‍പ്പിച്ച് മാരകമായി തീരാറുള്ളത്.
പേവിഷ ബാധക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന ഐഡിആര്‍വി കുത്തിവയ്പ്പിന്‍റേയും ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സയുടെയും ആവിര്‍ഭാവത്തെ തുടര്‍ന്ന് പേവിഷബാധ വളരെ നല്ല രീതിയില്‍ നാം പ്രതിരോധിച്ച് വരികയായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തില്‍ ഉണ്ടായ കുറവും വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയും പേവിഷബാധ മൃഗങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമായിട്ടുണ്ട്.
പേവിഷബാധ തടയാൻ : നായയുടെയോ സസ്‌തനികളുടെയോ കടിയേല്‍ക്കുകയോ അവയുടെ സ്രവങ്ങള്‍ ശരീരത്തിലെ മുറിവുകളിലോ മറ്റോ പുരളുകയോ ചെയ്‌താല്‍ അടിയന്തരമായി മുറിവേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് വൃത്തിയായി കഴുകുകയും എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി പ്രതിരോധ ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. കഴിയുന്നതും വേഗം സംഭവസ്ഥലത്ത് വച്ച് തന്നെ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ പതിനഞ്ച് മിനിറ്റ് നേരം മുറിവ് കഴുകേണ്ടത് അതിപ്രധാനമാണ്. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറച്ചും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ നായ്ക്കളുടെ ഇടയില്‍ രോഗം പടരുന്നത് തടഞ്ഞും മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രതിരോധ കുത്തിവയ്‌പ്പ് അടക്കം മതിയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചും രോഗം പടരുന്നത് തടയാനാവും.