വർഷത്തില്‍ മൂന്ന് മാസം മാത്രം തുറക്കുന്ന പോസ്റ്റ് ഓഫീസ് - post office post card
1963 ലാണ് സന്നിധാനത്തുള്ള പോസ്‌റ്റ് ഓഫീസ് സേവനമാരംഭിച്ചത്.
പത്തനംതിട്ട: സ്വന്തമായി പിന്‍കോഡും സീലുമുള്ള ഒരു പോസ്‌റ്റ് ഓഫീസ്. ഒരുപാട് പ്രത്യേകത നിറഞ്ഞ ഈ പോസ്‌റ്റ് ഓഫീസ് ആർക്കാണുള്ളത് എന്നറിയാമോ? സാക്ഷാൽ ശ്രീ അയ്യപ്പന്. 689713 എന്നതാണ് അയ്യപ്പസ്വാമിയുടെ പേരിലുള്ള പോസ്‌റ്റ് ഓഫീസിന്‍റെ പിൻകോഡ്. വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് 1963 ൽ സേവനമാരംഭിച്ച ഈ പോസ്‌റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്‌റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്‌തമായി അയ്യപ്പ വിഗ്രഹത്തിന്‍റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്‌ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഗൃഹാതുരയ്‌ക്കൊപ്പം സന്നിധാനത്ത് നിന്നും ലഭിക്കുന്ന ഒരു പോസ്‌റ്റ് കാർഡ് വാങ്ങി പ്രിയപ്പെട്ടവർക്ക് അയച്ചു നല്‍കാന്‍ നിരവധി ഭക്തരാണ് ഇവിടേക്കെത്തുന്നത്. കൂടാതെ അയ്യപ്പസ്വാമിക്കും നിരവധി കത്തുകൾ ലഭിക്കാറുണ്ട്. വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങി നിരവധി വിശേഷങ്ങൾ അടങ്ങിയ കത്തുകൾ. പോസ്‌റ്റൽ സേവനങ്ങള്‍ക്കു പുറമേ പുതിയ കാലഘട്ടത്തിനനുസരിച്ച് മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്‌റ്റന്‍റ് മണി ഓര്‍ഡര്‍ തുടങ്ങിയ സേവനങ്ങളും അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്‌റ്റാമ്പും ഇവിടെ ലഭ്യമാണ്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണമുള്ളതിനാൽ അയ്യപ്പ ദർശനം സാധ്യാമാകാത്ത ഭക്തര്‍ക്കായി തപാല്‍ വകുപ്പ് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തുള്ള ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം എത്തിച്ചു നല്‍കാനുള്ള സൗകര്യമാണ് പോസ്‌റ്റ് ഓഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രം സജീവമാകുന്ന പോസ്‌റ്റ് ഓഫീസ് ഉത്സവകാലം കഴിയുന്നതോടെ അടയ്‌ക്കും. തുടർന്ന് അയ്യപ്പന്‍റെ ചിത്രം പതിപ്പിച്ച സീൽ അടുത്ത ഉത്സവകാലം വരെ റാന്നിയിലെ പോസ്‌റ്റൽ ഇന്‍സ്‌പെക്‌ടറുടെ ഓഫീസിൽ ഭദ്രമായി സൂക്ഷിക്കും. ഈ വര്‍ഷം പോസ്‌റ്റ് മാസ്റ്റര്‍ നിധീഷ് പ്രസാദ്, പോസ്‌റ്റുമാന്‍മാരായ ജിഷ്‌ണു ചന്ദ്രന്‍, മനു മോഹന്‍ എന്നീ മൂന്ന് ഉദ്യോഗസ്ഥരെയാണ് തപാല്‍ വകുപ്പ് സേവനത്തിനായി നിയമിച്ചിരിക്കുന്നത്.