പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ശനിയാഴ്‌ച മാത്രം രജിസ്റ്റര്‍ ചെയ്‌തത് 370 കേസുകളെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് എട്ട് കേസുകളും രജിസ്റ്റര്‍ ചെയ്‌തു. ഇതിനോടകം 363 പേരെ അറസ്റ്റ് ചെയ്‌തതായും 281 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
പ്രധാന റോഡുകളില്‍ ഗതാഗതം നിയന്ത്രണവിധേയമാണെങ്കിലും ചെറുവഴികളില്‍ ഇപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഓടുന്നതായും പരാതിയുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല, റാന്നി എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഡ്രോണുകളും ഇറക്കിയിട്ടുണ്ട്. നിയമലംഘകരുടെ വീഡിയോകളും ഫോട്ടോകളും പരിശോധിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.