പത്തനംതിട്ട: കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ (സി.എഫ്.എല്‍.ടി.സി) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചെന്നീര്‍ക്കര ഊന്നുകല്‍ മുള്ളൻകുഴിയില്‍ ബിനുവിനെ (30) ആണ് ആറന്‍മുള പൊലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. ഇലന്തൂർ സ്വദേശിനിയായ പതിനാറുകാരി കഴിഞ്ഞ മാസം 27നാണ് കൊവിഡ് പോസിറ്റീവായി സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കൊവിഡ് മുക്തയായതിനെ തുടർന്ന് 2ന് പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടുകാർ കൊവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ പെൺകുട്ടിയോട് ഓട്ടോറിക്ഷയിൽ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതി പെൺകുട്ടിയെ കാറിൽ കോഴഞ്ചേരി ബസ് സ്റ്റാൻഡിലെത്തിച്ച ശേഷം കടന്നുകളഞ്ഞു.
also read: നിപയുടെ മൂന്നാം വരവ്, ഉറവിടം ഇനിയും വ്യക്തമല്ല ; വൈറസ് അപകടകാരി
ഇവിടെ നിന്നും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോകാതെ റാന്നി അടിച്ചിപ്പുഴയിലുള്ള കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാവ് ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ 4ന് സുഹൃത്തിന്‍റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വനിത പൊലീസ് നടത്തിയ കൗൺസലിങ്ങിലാണ് പീഡന വിവരം പെൺകുട്ടി തുറന്നു പറയുന്നത്. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.