പാലക്കാട്: ഓങ്ങല്ലൂരില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ചുങ്കത്ത് വീട്ടിൽ നബീസയുടെ മക്കളായ ഷാജഹാൻ (40), ബാദുഷ (38), സാബിറ (44), എന്നിവരാണ് മരിച്ചത്. നബീസ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഓങ്ങല്ലൂർ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് അപകടം സംഭവിച്ചത്. അപകട സമയം നബീസയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആണ് മൂന്ന് പേരും മരിച്ചത്. ഗ്യാസ് സിലിണ്ടർ ചോർന്നതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.
ഗ്യാസ് ചോർന്ന് വീട് മുഴുവൻ നിറഞ്ഞിരുന്നു. ഈ സമയം ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോൾ തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ആസ്‌ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലെ സാധന സാമഗ്രികളും വാതിലുകളും തീപിടിത്തത്തിൽ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. തുടർന്ന് ഷൊർണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.
കൂടുതല്‍ വായിക്കുക: ഓങ്ങല്ലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്