പാലക്കാട്: കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി ഷിഫാസ് മുഹമ്മദ് (26) ആണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന മെത്താഫിറ്റാമിൻ എന്ന മാരക മയക്കുമരുന്നാണ് വാളയാറിൽ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മെത്താഫിറ്റാമിൻ പോലെയുള്ള രാസ മയക്കുമരുന്നുകൾ യുവാക്കൾക്കിടയിൽ പ്രീതി നേടുന്നത് വലിയ അപകടമാണെന്നും മനോവൈകല്യങ്ങളിലേക്കും അക്രമ സ്വഭാവത്തിലേക്കും നയിക്കാനിടയാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു. വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ തന്നെ മണിക്കൂറുകളോളം ഉന്മാദാവസ്ഥയിൽ തുടരാം എന്നതാണ് ഇത്തരം ലഹരികൾ ചെറുപ്പക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടാന്‍ കാരണമെന്നും അധികൃതർ പറഞ്ഞു.