പാലക്കാട്: തേങ്കുറുശിയിൽ നടന്ന ദുരഭിമാനക്കൊലക്ക് സമാനമായ ഒരു സംഭവത്തിലൂടെ കടന്നു പോയതിൻ്റെ ഭീതിയിലാണ് അട്ടപ്പാടി സ്വദേശിയായ യുവാവ്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള പെൺകുട്ടിയോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവ് ഒളിച്ചോടി പോയതിന് യുവാവിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തു മർദ്ദിച്ചത് തുടർച്ചയായ മൂന്നു ദിവസങ്ങൾ. കാലിനടിയിലെ ചൂരൽ പ്രയോഗവും കൈവിരലുകൾക്കിടയിൽ പേന കയറ്റി വെച്ച് ഇറുക്കുന്നതും മുലക്കണ്ണുകൾ ഞെരിക്കുന്നതും പോലുള്ള കേട്ടു മറന്ന മൂന്നാം മുറ പ്രയോഗങ്ങളായിരുന്നു ചെങ്ങന്നൂർ ജനമൈത്രി പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് ആരോപണം.
കമിതാക്കൾ ഒളിച്ചോടി പോയതിന് യുവാവിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തു മർദിച്ചതായി പരാതി 2020 നവംബർ ആറിന് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയിരുന്നു. അതിനെത്തുടർന്നുള്ള അന്വേഷണം എന്ന നിലക്ക് നിരന്തരമായി യൂണിഫോം ധരിക്കാത്ത പൊലീസുകാരും പെൺകുട്ടിയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് പാലക്കാട് അട്ടപ്പാടി സ്വദേശിയായ വിശാഖിൻ്റെ വീട്ടിൽ കയറി ഇവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്ന് വിശാഖിന്‍റെ അമ്മ പറയുന്നു. വിശാഖിൻ്റെ സഹോദരൻ വിഷ്ണുവിനെ പെൺകുട്ടിയോടൊപ്പം കാണാതായിട്ട് മാസങ്ങളായി. ഇവർ തമ്മിലുള്ള പ്രണയ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് മുമ്പേ എതിർപ്പുണ്ടായിരുന്നു. ഇവർ തമ്മിൽ ഒന്നിക്കാൻ ശ്രമിച്ചാൽ വകവരുത്തുമെന്ന് പെൺകുട്ടിയുടെ അച്ഛൻ രാജേന്ദ്രൻ എന്ന രാധാകൃഷ്ണൻ ഇവരെ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായും സമ്പത്തും സ്വാധീനവും കൂടുതലുള്ളതിനാൽ പൊലീസുകാർ രാജേന്ദ്രനു വേണ്ടിയാണ് പക്ഷം പിടിക്കുന്നതെന്നും മർദ്ദനമേറ്റ വിശാഖിൻ്റെ കുടുംബം പറയുന്നു. രാധാകൃഷ്ണൻ ചെങ്ങന്നൂരിലെ രാഷ്ട്രീയ നേതാവ് കൂടിയാണ്. തങ്ങളുടെ വശം കേൾക്കുന്നതിനു പകരം കേസന്വേഷണത്തിനു വന്ന ഷോളയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെയായിരുന്നു വിശാഖിൻ്റെ അമ്മയ്ക്കു നേരെ അസഭ്യ വർഷം നടത്തിയത്.അതേസമയം പെൺകുട്ടി ഒളിച്ചോടുന്ന സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വിഷ്ണുവിനെതിരെ കേസെടുത്തിരിക്കുന്നതെന്നും വിശാഖിനെ കസ്റ്റഡിയിൽ വെക്കുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അന്ന് തന്നെ പറഞ്ഞു വിടുകയുമാണ് ഉണ്ടായിട്ടുള്ളതെന്ന് ചെങ്ങന്നൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു പറഞ്ഞു. എന്നാൽ ജനുവരി മൂന്നിന് വിശാഖിൻ്റെ പേരിൽ കേസുകളുണ്ടെന്നും അറസ്റ്റ് ചെയ്യുകയുമാണെന്ന് ആരോപിച്ച് കൂട്ടി കൊണ്ടുപോയതിന് വിശാഖ് താമസിക്കുന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരുൾപ്പെടെ സാക്ഷികളാണ്. ജനുവരി അഞ്ചിന് വിശാഖിൻ്റെ ബന്ധുവിന്‍റെ സുഹൃത്ത് നൽകിയ ജാമ്യത്തിലാണ് വിശാഖിനെ വിട്ടയക്കുന്നത്. എന്നാൽ വിശാഖിനെ കസ്റ്റഡിയിൽ വെച്ചിട്ടില്ലെന്നും പൊലീസ് തന്നെ പറയുന്നു. ജനുവരി മൂന്ന് മുതൽ അഞ്ച് വരെ വിശാഖ് എവിടെയായിരുന്നു എന്നറിയുവാൻ വിശാഖിൻ്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രം മതിയാകും. പെൺകുട്ടിയുടെ രക്ഷിതാവ് ഭീഷണിപ്പെടുത്തിയ പോലെ കുട്ടികളെ ഇല്ലാതാക്കി കളഞ്ഞിട്ട് നാടകം കളിക്കുകയാണോ എന്ന സംശയവും വിശാഖിൻ്റെ കുടുംബം ഉന്നയിക്കുന്നു. പെൺകുട്ടിയുടെ മൊഴിയുടേയും മെഡിക്കൽ എക്സാമിനേഷൻ്റെയും അടിസ്ഥാനത്തിലാണ് പോക്സോ കേസ് ചാർജ് ചെയ്യേണ്ടത് എന്നിരിക്കെ പെൺകുട്ടിയെ കണ്ടു കിട്ടുന്നതിന് മുമ്പേ പോക്സോ കേസ് എങ്ങിനെ ചുമത്തി എന്നാണ് നിയമവിദഗ്ധർ ചോദിക്കുന്നത്.വിശാഖിൻ്റെ വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങളേ ആയിട്ടുള്ളൂ. വിശാഖിൻ്റെ ഭാര്യയുടെ പിതാവ് ഡയാലിസിസ് രോഗിയും ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത ആളുമാണ്. കൂടാതെ ഇയാളുടെ ഭാര്യയ്ക്ക് ഹൃദയത്തനു പുറത്തേക്ക് രക്തം വാർന്നൊഴുകുന്ന അപൂർവ രോഗവുമുണ്ട്. വിശാഖിൻ്റെ വരുമാനമാണ് ഈ കുടുംബത്തിൻ്റെ അത്താണി. ഈ രോഗികളായ രക്ഷിതാക്കളേയും പൊലീസ് വെറുതെ വിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസുകാരുടെ നിരന്തരമായ മാനസിക പീഡനം കാരണം രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഹൃദ്രോഗിയായ വിശാഖിൻ്റെ പിതാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ഡയാലിസിസ് രോഗിയായ വിശാഖിൻ്റെ ഭാര്യാപിതാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിന്‍റെ നിരന്തരമായ മൂന്നാം മുറ പ്രയോഗത്തിന്‍റെ ഞെട്ടലിലും ഭീതിയിലുമാണ് വിശാഖ്. തെളിവെടുപ്പിനായി കൊണ്ടുവന്ന സമയത്ത് വിശാഖിൻ്റെ അമ്മാവനേയും പൊലീസ് ജീപ്പിൽ കയറ്റി മർദ്ദിച്ചിരുന്നു. മർദ്ദനം സഹിക്ക വയ്യാതെ പെൺകുട്ടിയുള്ള സ്ഥലം തങ്ങൾക്കറിയാമെന്നും നാലു ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടിയെ ഹാജരാക്കാമെന്നും പറഞ്ഞാണ് പൊലീസിന്‍റെ കയ്യിൽ നിന്നും രക്ഷപ്പെട്ടതെന്നും വിശാഖിന്‍റെ കുടുംബം പറയുന്നു.