പാലക്കാട്: അധികം ആരും കൈവയ്ക്കാത്ത കാന്താരി മുളക് കൃഷിയിൽ നൂറുമേനി വിളവ് കൊയ്തിരിക്കുകയാണ് പാലക്കാട്ടെ യുവകർഷകനായ സന്തോഷ്. പാലക്കാട് മലമ്പുഴയിൽ എട്ടേക്കർ സ്ഥലത്താണ് ഹൈബ്രിഡ് കാന്താരി ചെടി കൃഷി ചെയ്തിരിക്കുന്നത്. മൂന്ന് മാസം മുമ്പ് നട്ട ചെടികളിൽ നിന്നും രണ്ടാഴ്‌ച മുമ്പ് മുതൽ വിളവ് ലഭിച്ച് തുടങ്ങി.
ദിവസവും 750 മുതൽ 1000 കിലോഗ്രാം വരെ കാന്താരി തന്റെ കൃഷിയിടത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടുതലും വിദേശ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള ഔഷധമായി കൂടി കാന്താരിയെ ഉപയോഗിക്കുന്നത് കൊണ്ട് നല്ല വിലയും ലഭിക്കുന്നുണ്ട്. പലതരം കൃഷികൾ ചെയ്യുന്നുണ്ടെങ്കിലും കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിയാണ് കാന്താരിയുടേതെന്ന് കർഷകൻ പറയുന്നു.