പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നോട്ടിസ് അയച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യമേഖലയേയും പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മിഷന്‍ ആരോപിച്ചു.
അട്ടപ്പാടി സംഭവത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ പ്രസവവേദന അനുഭവപ്പെട്ട ഗര്‍ഭിണിയായ യുവതിയെ റോഡ് സൗകര്യമില്ലാത്തതിനാല്‍ തുണി കൊണ്ടുള്ള മഞ്ചലില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നിരുന്നു. അര്‍ധരാത്രിയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിയേയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സ്ഥലത്തെത്താന്‍ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കള്‍ ചേര്‍ന്ന് ചുമന്നത്.
ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ യുവതി പ്രസവിച്ചു. ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം വഴിയും തുടര്‍ന്ന് വനത്തിലൂടെ മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചും വേണം കടുകമണ്ണ ഊരിലെ താമസക്കാര്‍ക്ക് പുറംലോകത്തെത്താന്‍. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പാലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ആദിവാസികള്‍ക്ക് പുറംലോകത്തെത്താന്‍ കനത്ത മഴയത്ത് പോലും പുഴ മുറിച്ചു കടക്കേണ്ട അവസ്ഥയാണ്.