പാലക്കാട്: അപകടകരമായ രീതിയിൽ സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്‌തതിന് ബസ് തടഞ്ഞിട്ട് യുവതി. സ്‌കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. ചാലിശേരിക്ക് സമീപം പെരുമണ്ണൂർ വട്ടത്താണിയിലാണ് യുവതി ബസ് തടഞ്ഞത്.
ചൊവാഴ്‌ച രാവിലെ സാന്ദ്ര വീട്ടിൽ നിന്നും ചാലിശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിന്നില്‍ വന്ന ബസ് സ്‌കൂട്ടറിന് പിന്‍ഭാഗത്ത് ഇടിക്കുന്നതിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം മനസിലാക്കിയിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്.
തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം ബസിനെ പിന്തുടര്‍ന്ന് ചാലിശേരി മെയിൻ റോഡ് സെന്‍ററിൽ ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന 'രാജപ്രഭ' ബസ് പാലക്കാട് നിന്നും ഗുരുവായൂരിലക്ക് പോകുന്നതിനിടയിലാണ് യുവതിയുടെ പ്രതിഷേധം. തുടർന്ന് യുവതി ജീവനക്കാരോട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു .ഇതിന് മുമ്പും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.
അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നാണ് സാന്ദ്ര പറഞ്ഞത്. ബസ് തടഞ്ഞ് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് ആർ ടി ഒ : മരണയോട്ടം നടത്തി സ്‌കൂട്ടര്‍ യാത്രക്കാരിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ച ബസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് ആര്‍ടിഒ. ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പട്ടാമ്പി ജോയിന്‍റ് ആര്‍ടിഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ രാജപ്രഭ ബസ് ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.