പാലക്കാട് : വന്യജീവികളുടെ ആക്രമണഭീതിയിൽ മണ്ണാർക്കാടിന്‍റെ വിവിധ മേഖലകൾ. അട്ടപ്പാടിയോട് ചേർന്ന തത്തേങ്ങലത്ത് ഞായറാഴ്ച വൈകിട്ടും രാത്രിയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഞായർ വൈകിട്ട് ഏഴോടെ ചേറുംകുളം-തത്തേങ്ങലം റോഡിൽ കല്‍ക്കടി ഭാഗത്ത് വനംവകുപ്പിന്‍റെ ജണ്ടയ്ക്ക് മുകളില്‍ പുലി നില്‍ക്കുന്നതാണ് ആദ്യം കണ്ടത്. ബഹളംവച്ചതോടെ സമീപത്തെ പൊന്തക്കാട്ടിലേക്ക് പുലി മറഞ്ഞു. ഉടന്‍ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോൺസ് ടീം ഉൾപ്പടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാല് മാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടന്ന് നാട്ടുകാർ പറയുന്നു. വീണ്ടും പുലിയെത്തിയതായി അഭ്യൂഹം പരന്നതോടെ ജനം ഭീതിയിലാണ്. നാല് മാസം മുമ്പ് കല്‍ക്കടി ഭാഗത്ത് പുലിയിറങ്ങി ആടിനെ പിടികൂടിയതിനെത്തുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. ഇതില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു. എന്നാല്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ആടുകളെയും വളര്‍ത്തുനായ്ക്കളെയും ഉൾപ്പടെ പുലി കൊന്നൊടുക്കി.
ALSO READ: മത്സര ഓട്ടത്തിന് കുതിരയ്‌ക്ക് ഷോക്ക്, കാളയ്‌ക്ക് അടി; പാലക്കാട് മിണ്ടാപ്രാണികളോട് ക്രൂരത
അതേസമയം തെങ്കര പഞ്ചായത്തിലെ മലയോര മേഖലകളിൽ കാട്ടാന, പുലി, പന്നി, മയിൽ ഉള്‍പ്പടെയുള്ളവയുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. നാട്ടുകാരും ജനപ്രതിനിധികളും നിരവധി നിവേദനങ്ങളും നല്‍കി. ഏറ്റവും ഒടുവില്‍ ജനകീയ കമ്മിറ്റി കഴിഞ്ഞ ദിവസം ഡി.എഫ്.ഒയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ പി.സുർജിത് അറിയിച്ചു. റോഡരികിലെ അടിക്കാടുകൾ വെട്ടുന്ന നടപടിയും തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു.
മലയോരമേഖലയായ തിരുവിഴാംകുന്ന് കരടിയോട് മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ മലയോര മേഖലയായ കരടിയോടാണ് ആറംഗ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. നെൽകൃഷിയാണ് കൂടുതലും നശിച്ചത്. പത്ത് ദിവസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാവുന്ന നെല്ല് മുഴുവൻ നശിപ്പിച്ചു.
നാല് ഏക്കറിൽ കൃഷിയിറക്കിയ കച്ചേരിപ്പറമ്പ് സ്വദേശികൾക്കാണ് കൂടുതൽ നാശനഷ്ടം. ടി.എം ഇല്യാസും സുഹൃത്ത് ഓടക്കുഴിയിൽ മുഹമ്മദ് ബഷീറും ചേർന്നാണ് വർഷങ്ങളായി ഇവിടെ കൃഷിയിറക്കുന്നത്. കാട്ടുപന്നി, മയിൽ എന്നിവയുടെ ശല്യമുണ്ടായിരുന്നെങ്കിലും കാട്ടാന നെൽകൃഷി നശിപ്പിക്കുന്നത് ആദ്യമാണ്. വളപ്പിൽ അവറാന്‍റെ രണ്ട് മാസമായ നേന്ത്രവാഴത്തൈകളും കാട്ടാന വ്യാപകമായി നശിപ്പിച്ചു. മാസങ്ങൾക്കുമുമ്പ് ഇതേ കൃഷിയിടത്തിൽ ആയിരം കുലച്ച വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. മറ്റ് തൊഴിൽ ഒന്നും ഇല്ലാത്തതിനാലാണ് വീണ്ടും കൃഷിയിറക്കിയതെന്ന് അവറാൻ പറയുന്നു.