പാലക്കാട്: പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാനക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ കൗതുക കാഴ്ചയായി.
കൊല്ലങ്കോട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ ആന വന്ന് തട്ടുന്നത് പതിവാകുന്നു. ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചു മണിയോടെ എത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരു പിടിയാനയും രണ്ട് കുട്ടിയാനയും സ്റ്റേഷൻ്റെ സുരക്ഷിതത്വത്തിന് സ്ഥാപിച്ച ഇരുമ്പ് വാതിലിൽ തട്ടി ശബ്ദമുണ്ടാക്കാക്കി.
ശബ്ദം കേട്ട് സ്റ്റേഷനകത്തുണ്ടായിരുന്ന പൊലീസുകാർ നോക്കിയപ്പോഴാണ് കുട്ടിയാനയെയും പിടി ആനയെയും കണ്ടത്. ചിന്നം വിളിച്ച് ഗ്രിൽ വളച്ച് അര മണിക്കൂറോളം ആനകൾ സ്റ്റേഷനു മുന്നിൽ നിലയുറപ്പിച്ചു. ഈ സമയം സ്റ്റേഷന് പുറത്ത് ഏഴ് ആനകളും ഉണ്ടായിരുന്നു.
അര മണിക്കൂറിനു ശേഷം കാട്ടാനക്കൂട്ടം തിരികെ വനത്തിനകത്ത് കയറി. ബുധനാഴ്‌ച രാത്രി 10 മണിയോടെ അതെ ആനക്കൂട്ടം വീണ്ടും സ്റ്റേഷനു മുന്നിലെത്തി ചിന്നം വിളിച്ച് ഗ്രില്ലിൽ തട്ടി വീണ്ടും സാന്നിധ്യമറിയിച്ചു.
also read: ' ഇഷ്‌ടം ചിക്കൻ ബിരിയാണി... പേര് ഭുരി'... ചെറിയ കക്ഷിയല്ല ഈ ആട്....
അര മണിക്കൂറിനു ശേഷമാണ് ആനകൾ കാട്ടിലേക്ക് കയറിയത്. രണ്ടു ദിവസവും ആനക്കൂട്ടം വരുമ്പോൾ സ്റ്റേഷനകത്ത് ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ ആനക്കൂട്ടത്തിൻ്റെ സൗഹൃദ സന്ദർശനം വീഡിയോയില്‍ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് കാട്ടാനക്കൂട്ടവും പൊലീസ് സ്റ്റേഷനും വൈറലായത്.