പാലക്കാട് : അട്ടപ്പാടിയില്‍ രാത്രിയിലിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് ഇന്നലെ അര്‍ധരാത്രി (ജനുവരി 13) തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, പി.ടി സെവന്‍ എന്ന് വനംവകുപ്പ് അടയാളപ്പെടുത്തിയ കാട്ടാന ഇന്നലെ രാത്രി ധോണിയില്‍ വീണ്ടും ഇറങ്ങി. പ്രദേശവാസിയായ ശാന്തയുടെ വീടിന് സമീപത്തായാണ് പി.ടി സെവന്‍ എത്തിയത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ആനയ്‌ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിരുന്നില്ല.
ബുധനാഴ്‌ച (ജനുവരി 11) പി.ടി സെവനെ പിടികൂടുന്നതിനായി വയനാട്ടില്‍ നിന്നുള്ള സംഘമെത്തിയിരുന്നു. എന്നാല്‍, ഡോക്‌ടര്‍ അരുണ്‍ സക്കറിയ കൂടി വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമേ ആനയെ മയക്കുവെടിവയ്ക്കാന്‍ കഴിയുകയുള്ളൂ. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.സംഭവത്തില്‍ വികെ ശ്രീകണ്‌ഠന്‍ എംപി ധോണിയിലെത്തി നാട്ടുകാരുടെ പരാതികള്‍ കേട്ടിരുന്നു.