പാലക്കാട്: വേനല്‍ ചൂട് കനത്തത്തോടെ കേരളത്തിന്‍റെ വഴിയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്നു. ചൂടിന് ആശ്വാസം പകരാൻ മാർച്ച് ആദ്യ വാരം മുതല്‍ തന്നെ തണ്ണിമത്തൻ കേരളത്തിലെത്തുന്നുണ്ട്. ശീതളപാനീയമായും തണ്ണിമത്തൻ ഉപയോഗിക്കാം എന്നതിനാല്‍ ആവശ്യക്കാരും ഏറെയാണ്. വരള്‍ച്ച രൂക്ഷമായതോടെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന മറ്റ് ശീതളപാനീയങ്ങള്‍ കുടിക്കുന്നത് പകര്‍ച്ച വ്യാധികള്‍ വിളിച്ചുവരുത്തുമോയെന്ന ആശങ്ക ജനങ്ങളിലുണ്ട്. അതിനാല്‍ ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കുന്ന തണ്ണിമത്തന് വേനല്‍ വിപണിയില്‍ ഡിമാൻഡ് കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
കേരളത്തിൽ കൃഷി കുറവായതിനാൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമായും കേരളത്തിലേക്ക് തണ്ണി മത്തന്‍ എത്തുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ട്. കിലോക്ക് 10 മുതൽ 15 രൂപ വരെയാണ് വില. ഇത്രകുറഞ്ഞ നിരക്കിൽ മറ്റ് പഴ വർഗങ്ങൾ കിട്ടില്ല എന്നതും തണ്ണിമത്തനെ പ്രിയപ്പെട്ടതാക്കുന്നു.