പാലക്കാട്: ഭരണം മാത്രമല്ല വേണമെങ്കിൽ കൃഷി ചെയ്യാന്‍ കൂടി കഴിയുമെന്ന് തെളിയിച്ച് മാതൃകയാവുകയാണ് പാലക്കാട്ടെ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്. വേനലില്‍ ആവശ്യക്കാര്‍ ഏറെയുള്ള തണ്ണിമത്തൻ കൃഷിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. വല്ലപ്പുഴ ചെറുകോട് പാടശേഖരത്തിൽ സ്വകാര്യവ്യക്തിയുടെ രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. കൃഷി ഭവനുമായി സഹകരിച്ച് ഹരിത കർമസേനയിലെ മൂന്ന് അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
സാധാരണ രീതിയിൽ നിന്നും വ്യത്യസ്‌തമായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കൃഷി. നിലമൊരുക്കലും വിത്തിടലും പൂര്‍ത്തിയായി. കളകളെ പ്രതിരോധിക്കാൻ പേപ്പർ ബെൽറ്റിങ് രീതിയിലാണ് നിലമൊരുക്കിയത്. ജലസേചനത്തിനായി ട്രിപ്പ് ഇറിഗേഷൻ സംവിധാനവും വളം നൽകുന്നതിനായി ഫെർട്ടിഗേഷൻ രീതിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
തണ്ണിമത്തൻ കൃഷി നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് മണ്ണുത്തിയിൽ നടത്തിയ പരിശീലനം ലഭിച്ചതിന് ശേഷമാണ് ഹരിത കർമസേനാംഗങ്ങൾ തണ്ണിമത്തൻ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. 70 ദിവസത്തെ പരിപാലനത്തിന് ശേഷം വിളവെടുക്കാവുന്ന തരത്തിലാണ് കൃഷി. വേനൽ ചൂട് കൂടുന്ന ഏപ്രിൽ-മെയ് മാസങ്ങളിൽ വിളവെടുപ്പ് നടത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.