പാലക്കാട്: ലോക്ഡൗൺ കാലത്ത് കുടിവെള്ളം ലഭിക്കാതെ ആരും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെ പട്ടാമ്പി തിരുവേഗപുറ എംഎസ്ആർ ഗ്രൂപ്പ് രംഗത്ത്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വാഹനവുമായി എത്തി ആവശ്യക്കാർക്ക് സംഘം കുടിവെള്ളം എത്തിച്ച് നല്‍കും. ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങൾ വിളിച്ചറിയിക്കുന്നതിന് അനുസരിച്ച് വെള്ളം എത്തും.
തുടർച്ചയായി മൂന്നാം വർഷമാണ് ഇവർ കുടിവെള്ള വിതരണം നടത്തുന്നത്. രണ്ട് വാഹനങ്ങളിലാണ് കുടിവെള്ളം വിതരണം നടത്തുന്നത്. അയൽ ജില്ലയായ മലപ്പുറത്തും കുടിവെള്ളം നൽകും. ലോക്ഡൗൺ കാലമായതിനാൽ സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് കുടിവെള്ള വിതരണം. സാമൂഹിക നന്മ ഉദ്ദേശിച്ചുള്ള പ്രവർത്തനമായതിനാൽ അധികൃതരുടെ സഹകരണവുമുണ്ട്.