പാലക്കാട് : തിരുവില്വാമല പുനർജനി ഗുഹ നൂഴാൻ എത്തിയ 9 പേർക്കും കാണാനെത്തിയ ഒരു വയോധികയ്‌ക്കും കടന്നൽ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഞായറാഴ്‌ച രാവിലെ 7.30നാണ് സംഭവം. പുനർജനി നൂഴാൻ കാത്തുനിൽക്കുന്നതിനിടെ കടന്നൽ കൂട്ടം ഇവരെ അക്രമിക്കുകയായിരുന്നു.
ദർശനത്തിനെത്തിയ മണിമല പൊന്നലായം വീട്ടിൽ ചന്ദ്രിക (59), തൃശൂർ പെരിങ്ങനം സ്വദേശികളായ കണ്ടംപറമ്പത്ത് ചാലിൽ വിജയകൃഷ്‌ണൻ (48), തെയ്യിൽ ബൈജു (42)പത്തായക്കാട്ടിൽ സുമേഷ്, മഠത്തിൽ പറമ്പിൽ സഞ്ജീവൻ (41), കുന്ദംകുളം സ്വദേശികളായ കാഞ്ഞിര പറമ്പിൽ രാജേഷ് (43), കളത്തിൽ രഞ്ജിഷ് (38) കടവാരത്ത് വിബീഷ് (42), ഇരിപ്പശ്ശേരി വിഷ്‌ണു(28) കോട്ടപാടത്ത് അജീഷ് (40) എന്നിവർക്കാണ് കഴുത്തിലും മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലുമൊക്കെ കുത്തേറ്റത്.
സാരമായി പരിക്കേറ്റ ഒമ്പതുപേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അജീഷ്, പഴയന്നൂർ ആശുപത്രിയിലും ചികിത്സ തേടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ വന്ന് കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നും പിന്നീട് ഉടുമുണ്ട് ദേഹമാകെ പുതച്ചാണ് രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവരില്‍ ചിലര്‍ പറഞ്ഞു.
നിരവധി പേരാണ് പുനർജനി നൂഴാൻ എത്തിയിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയതിന് ശേഷമാണ് നൂഴൽ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസവും പുനർജനി ഗുഹയുടെ അടുത്തുവച്ച് ശുചീകരണ തൊഴിലാളികളായ രണ്ടുപേർക്ക് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.