പാലക്കാട്: താമസയോഗ്യമായൊരു വീടിനായുള്ള കാത്തിരിപ്പിലാണ് ഞാങ്ങാട്ടിരി ചെമ്പ്രഞാലിൽ പത്മാവതിയും കുടുംബവും. ഏത് നിമിഷവും ഇടിഞ്ഞു വീഴയാറായ കൂരക്കുള്ളിൽ ഭീതിയോടെയാണ് കുട്ടികളടങ്ങുന്ന കുടുംബം ജീവിതം തള്ളിനീക്കുന്നത്. കൊവിഡ് കാലത്തെ തൊഴിലില്ലായ്മ കൂടിയായപ്പോൾ വലിയ പ്രതിസന്ധിയിലാണ് കുടുംബം. അഞ്ച് വർഷത്തോളമായി പത്മാവതിയും മകനും ഭാര്യയും രണ്ട് ചെറിയ കുട്ടികളും താമസയോഗ്യമായൊരു വീടിനായി കാത്തിരിപ്പ് തുടങ്ങയിട്ട്.
എന്നാൽ അധികൃതരുടെ അവഗണനയാൽ വീടെന്ന സ്വപ്നം ഈ കുടുംബത്തിന് വളരെ അകലെയാണ്. കാലിത്തൊഴുത്തിന് സമാനമായ കൂരയിലാണ് ഈ അഞ്ചംഗ കുടുംബത്തിന്‍റെ താമസം. വിണ്ടുകീറിയ മൺ ചുമരുകളും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേൽക്കൂരയും ചിതലരിച്ച ജനലുകളുമായി എത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ് പത്മാവതിയുടെ വീട്. ഒരോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വോട്ടഭ്യർഥനകളുമായി വീട്ടിലേക്കെത്തുമ്പോൾ താമസ യോഗ്യമായ വീട് നിർമിച്ച് നൽകണമെന്ന ആവശ്യം മാത്രമേ പത്മാവതിക്ക് മുന്നോട്ട് വെക്കുവാനുള്ളു.
ഇഴജന്തുശല്യവും വീട് തകരുമോയെന്ന ഭയവും മൂലം രാത്രിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഓരോ മഴയിലും വീട് ചോർന്നൊലിച്ച് വീടിനകത്ത് നിന്നും വെള്ളം കോരി കളയേണ്ട ഗതികേടിലാണ് ഇവർ. പെയിന്‍റിങ് തൊഴിലാളിയായ മനോജിന്‍റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കൊവിഡ് കാലത്ത് പെയിന്‍റിങ് ജോലിയും നിലച്ചതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് കുടുംബം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരസ്ഥാനങ്ങളിലെത്തുന്നവർ തങ്ങൾക്ക് താമസ യോഗ്യമായൊരു വീട് നിർമിച്ച് നൽകാൻ മുൻകൈ എടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.